മുസ്ലീങ്ങള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിന്റെ ഇസ്ലാമിക വിധി.
മുസ്ലീം സഹോദരങ്ങൾ ആണോ പെണ്ണോ ആരായാലും അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇസ്‌ലാമിൽ പറഞ്ഞിട്ടുള്ളത് എന്താണ് ?
മുസ്ലിമോ ശുദ്ധ കിതാബിയ്യതോ ആയ സ്ത്രീകളെ മാത്രമേ മുസ്ലിമിനു വിവാഹം കഴിക്കല്‍ അനുവദിച്ചിട്ടുള്ളൂ. ശുദ്ധ കിതാബിയ്യത് എന്നാല്‍ അവളുടെ മാതാവും പിതാവും കിതാബിയ്യ് ആയിരിക്കണം. കിതാബിയ്യത് അഥവാ ക്രിസ്ത്യന്‍ – ജൂത സ്ത്രീകളെ വിവാഹം കഴിക്കാന്‍ വീണ്ടുമുണ്ട് നിബന്ധനകള്‍. കിതാബിയ്യത് രണ്ടു വിഭാഗമാണ്. ഇസ്റാഈലിയ്യതും (യഅ്ഖൂബ് നബി(അ)മിന്‍റെ പരമ്പരയില്‍പെട്ടവര്‍) ഇസ്റാഈലിയ്യത് അല്ലാത്തവളും. ഇസ്റാഈലിയ്യതാണെങ്കില്‍ ആ സ്ത്രീയുടെ പൂര്‍വ്വപിതാക്കളിലൊരാളും ഈ സ്ത്രീയുടെ മതത്തില്‍ പ്രവേശിച്ചത് ആ മതം ദുര്‍ബലപ്പെട്ടതിനു ശേഷമായിരുന്നുവെന്ന് ഉറപ്പുണ്ടാകരുത്. അഥവാ ജൂത സ്ത്രീയുടെ പിതാമഹന്മാരിലെ ആദ്യത്തവന്‍ ജൂത മതത്തില്‍ ചേര്‍ന്നത് ഈസ(അ)മിന്‍റെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാകരുത്. അതു പോലെ ക്രിസ്ത്യന്‍ സ്ത്രീയുടെ പിതാമഹാന്മാരിലെ ആദ്യത്തവന്‍ ക്രിസ്തുമതത്തില്‍ പ്രവേശിക്കുന്നത് നബി(സ)യുടെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാവരുത്. ഇസ്റാഈലിയ്യത് അല്ലാത്ത സ്ത്രീ ആണെങ്കില്‍ അവളുടെ ആദ്യപിതാമഹന്‍ ഇവളുടെ ദീനില്‍ പ്രവേശിച്ചത് അത് ദുര്‍ബലമാവുന്നതിനു മുമ്പാണെന്ന് ഉറപ്പുണ്ടാവണം. ഈ നിബന്ധനകളോടെ ജൂത-ക്രിസ്ത്യന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് കറാഹത് ആകുന്നു. ഈ നിബന്ധനകളില്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കല്‍ ശരിയാവുകയില്ല. എന്നാല്‍ ജൂത-ക്രിസ്ത്യന്‍ അല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. ആ വിവാഹം ശരിയാവുകയുമില്ല മുസ്‍ലിം സ്ത്രീകളെ അമുസ്‍ലിംകള്‍ക്ക് നിബന്ധനകളൊത്ത ജൂത-ക്രൈസ്തവരായാലും വിവാഹം ചെയ്ത് കൊടുക്കാവതല്ല. സ്ത്രീകള്‍ ഭര്‍ത്താവിന് വഴങ്ങുന്നവളായത് കൊണ്ട് അവളുടെ ദീന്‍ നശിച്ചേക്കാമെന്നതിനാലാണിത്.

Be the first to comment

Leave a Reply

Your email address will not be published.


*