ഭാര്യ ഗര്‍ഭിണിയാണോ? പുരുഷന്മാര്‍ അറിയേണ്ട ചില ഇസ്ലാമിക കല്‍പ്പനകള്‍
ഗർഭിണികളെ പ്രസവത്തിനു ഭർതൃ ഗ്രഹങ്ങളിൽ നിന്നും അവരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങു നമ്മുടെ നാടുകളിൽ കാണപ്പെടുന്നു.അതിനൊരു പ്രത്യേക നിറമുള്ള വസ്ത്രവും (വെളുപ്പ്) ളുഹ്‌റിന്‌ മുമ്പായി സ്വന്തം വസതിയിലെത്തണമെന്നും കൂടെ ഒരു മുസ്ലിയാരെയും കൂട്ടണമെന്ന് നിഷ്കർഷിക്കുന്നു .ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ .?
ഗർഭിണികളെ ആദ്യ പ്രസവത്തിനാണ് സാധാരണ ഭർത്താവിന്റെ വീട്ടിൽ നിന്ന് മാതാപിതാക്കൾ താമസിക്കുന്നിടത്തേക്ക് കൂട്ടിക്കൊണ്ട് പോകാറുള്ളത്. ഇത്തരം കാര്യങ്ങൾ പല നാടുകളിലും പല രീതിയിൽ നടക്കുന്നുണ്ട്. അവ അതേ പോലെ വിശുദ്ധ ഖുർആനിലോ ഹദീസിലോ നോക്കിയാൽ കാണണമെന്നില്ല. എന്നാൽ ഈ ആചാരങ്ങളിൽ അനിസ്ലാമികതയുണ്ടോ എന്ന് പരിശോധിക്കേണ്ടതും ഉണ്ടെങ്കിൽ ഒഴിവാക്കേണ്ടതുമാണ്. ഒന്നാമതായി ഒരു സ്ത്രീ ആദ്യമായി ഗർഭം ധരിക്കുമ്പോൾ അവൾക്കത് ആദ്യാനുഭവമായത് കൊണ്ട് ധാരാളം പ്രയാസങ്ങളും ആകാംക്ഷകളും ആധികളും അനുഭവപ്പെടും. ഏഴാം മാസം മുതൽ പ്രസവത്തോട് അടുക്കുംതോറും ഇത് വർദ്ധിച്ചു കൊണ്ടിരിക്കും. ഭർതൃ വീട്ടുകാരോട് ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനും സ്വന്തം മാതാപിതാക്കളോട് കാണിക്കാവുന്ന സ്വാതന്ത്ര്യം അവർക്കിടയിൽ അനുഭവിക്കുന്നതനും പരിമിതിയുണ്ടാകുന്നത് കൊണ്ട് പൂർണ്ണമായ ആശ്വാസവും മാതാപിതാക്കളുടെ സമാനതകളില്ലാത്ത പരിലാളനയും ലഭ്യമാക്കി ഈ വിഷമാവസ്ഥയിൽ അവരുടെ ആധികൾ ലഘൂകരിക്കുകയെന്ന ഉദ്ദേശ്യമാണ് ഈ കൂട്ടിക്കൊണ്ട് പോകലിൽ ഉള്ളത്. ഒരു വിശ്വാസിയുടെ പ്രയാസം ലഘൂകരിക്കൽ പുണ്യ കർമ്മാണ്. വിശ്വാസിയുടെ ഒരു പ്രയാസം അകറ്റിയാൽ അന്ത്യനാളിൽ നമ്മുടെ ഒരു പ്രയാസം അല്ലാഹു അകറ്റിത്തരും എന്ന് നബി (സ്വ) തങ്ങൾ അരുൾ ചെയ്തിട്ടുണ്ട് (സ്വഹീഹ് മുസ്ലിം). അതിനാൽ ഇത് ഒരു നല്ല കാര്യമാണ്.

രണ്ടാമതായി ളുഹ്റിന്റെ മുമ്പ് കൊണ്ടു പോകൽ . നബി (സ്വ) തങ്ങൾ പൂർവ്വാഹ്നത്തിലായിരുന്നു (പകലിന്റെ ആദ്യത്തിലായിരുന്നു) യാത്ര പോയിരുന്നത് (ബുഖാരി). മഹാനായ സ്വഹാബി സ്വഖ്റുൽ ഗാമിദി (റ) പറയുന്നു: നബി (സ്വ) തങ്ങൾ അരുൾ ചെയ്തു. “അല്ലാഹുവേ എന്റെ ഉമ്മത്തിന് അവരുടെ പൂർവ്വാഹ്നങ്ങളിൽ ബറകത്ത് ചെയ്യേണമേ”, നബി (സ്വ)യുദ്ധത്തിന് സൈന്യത്തെ അയക്കുമ്പോൾ പകലിന്റെ ആദ്യത്തിലായിരുന്നു അയച്ചിരുന്നത്. ഈ സ്വഖ്റുൽ ഗാമിദി (റ) എന്ന സ്വഹാബി കച്ചവടക്കാരനായിരുന്നു. അദ്ദഹം തന്റെ കച്ചവടച്ചരക്കുകൾ പൂർവ്വാഹ്നത്തിലായിരുന്നു അയച്ചിരുന്നത്. അതിനാൽ അദ്ദേഹത്തിന് അതിൽ മെച്ചമുണ്ടാകുകയും ധാരാളം പണം ലഭിക്കുകയും ചെയ്തിരുന്നു (അബു ദാവൂദ്). ചുരുക്കത്തിൽ ളുഹ്റിന്റെ മുമ്പുള്ള സമയമാണ് പൂർവ്വാഹ്നം പകലിന്റെ ആദ്യ ഭാഗം എന്നൊക്കെ പറയുന്നത്. ളുഹ്റിന് മധ്യാഹ്നം എന്ന് പറയും. അഥവാ മധ്യാഹ്നത്തിന് (ളുഹ്റിന്) മുമ്പ് പോകുന്നതിൽ ബറകത്തുണ്ടെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്, നബി (സ്വ) തങ്ങളും സ്വഹാബത്തും ആ സമയമായിരുന്നു യാത്രക്കും യാത്രയയക്കാനും തെഞ്ഞെടുത്തിരുന്നത്. അതിന്റെ ബറകത്ത് അവർക്ക് ലഭിക്കുകയും ചെയ്തിരുന്നു. അതിനാൽ ഇവിടെയും ഈ രീതി അവലംബിക്കുന്നുണ്ടെങ്കിൽ അതാണ് സുന്നത്തും ബറകത്തും.
മൂന്നാമതായി പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ സഹോദരിമാർ വെള്ള വസ്ത്രം ധരിക്കുന്നതായി കാണപ്പെടാറുണ്ട് എന്നതാണ്. ഇത് അൽപം ഗൌവരവത്തോടെ കാണേണ്ട കാര്യമാണ്. കാരണം അന്യ പുരുഷന്മാരെ ആകർഷിക്കും വിധമുള്ള വേഷ ഭൂഷാധികളും ചേഷ്ഠകളുമൊന്നും ഒരിക്കലും സ്ത്രീയിൽ നിന്നുണ്ടാകാൻ പാടില്ല. ഇക്കാര്യം അല്ലാഹു തആല സൂറത്തുന്നൂറിലെ 30, 31 ആയത്തുകളിൽ വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട്. ആളുകൾ കണ്ടാൽ കൊതിക്കാത്ത കിഴവികൾ വരേ മറ്റുള്ളവരെ ആകർഷിക്കാത്ത വസ്ത്രം ധരിച്ചേ പുറത്തിറങ്ങാവൂ എന്ന് ശറഅ് നിഷ്കർഷിക്കുമ്പോൾ ഗർഭിണികളായ യുവതികൾ വെള്ള വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങി അന്യർ കാണുവിധം മൊഞ്ചത്തികളായി പുറത്തിറങ്ങുന്ന ഏർപ്പാട് ഉണ്ടെങ്കിൽ അത് എവിടെ നിന്ന് കൂടിയതാണെങ്കിലും ഒരു വിധത്തിലും ന്യായീകരിക്കാൻ തരമില്ല. അത് തനി ഹറാമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. അത് അല്ലാഹുവിനെ വെറുപ്പിക്കലും പിശാചിനെ പ്രീതിപ്പെടുത്തലുമാണ്. നല്ല ഫലം പ്രതീക്ഷിക്കപ്പെടുന്ന ഇത്തരം മുഹൂർത്തങ്ങളിൽ അല്ലാഹുവിന്റെ കോപം ഏറ്റുവാങ്ങാതിരിക്കാൻ സഹോദരിമാരും വീട്ടുകാരും ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറയേണ്ടിതല്ലല്ലോ.

നാലാമതായി ഒരു മുസ്ലിയാരെ കൂടെ കൂട്ടുന്നുവെന്നതാണ്. ഇൽമിന്റെ അഹ്ലുകാർക്ക് മറ്റുള്ളവരേക്കാൾ ധാരാളം സ്രേഷ്ഠതകളുണ്ടെന്ന് വിശുദ്ധ ഖുർആനിലും തിരു ഹദീസിലും നിരവധി സ്ഥലങ്ങളിൽ പറഞ്ഞതായി കാണാം. ഇവർ ഇൽമുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്നവരായതിനാൽ അവരുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ കൂടുതൽ സാധ്യതയുണ്ട്. അവരുടെ സാന്നിധ്യം ഏത് കാര്യത്തിലും ബറകത്തുണ്ടാകാൻ കാരണമാകുകയും ചെയ്യാം. നബി (സ്വ)യുടേയും സ്വഹാബത്തിന്റേയും താബിഉകളുടേയും കാലത്ത് സ്വാലിഹീങ്ങളുടെ സാന്നിധ്യം അനുഗ്രീതമായി കണ്ടതിനും അവരെക്കൊണ്ട് ബറക്കെടുത്തതിനും നിരവധി തെളിവുകളുണ്ട്. ഈ അർത്ഥത്തിലാണ് വിട്ടിലെന്തെങ്കിലും പരിപാടിയുണ്ടാകുമ്പോൾ ഇൽമ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ ദുആ ചെയ്യിക്കാൻ വേണ്ടി വിളിക്കുന്നതും അവരെ കൂടി പരിപാടിയുടെ ഭാഗമാക്കുന്നതും നമ്മുടെ നാട്ടിൽ സാർവ്വത്രികമായത്.

Be the first to comment

Leave a Reply

Your email address will not be published.


*